വയോധികയുടെ സ്വർണ്ണമാല കവർന്ന ജിം ട്രെയിനർ അറസ്റ്റിൽ

 

 കൊല്ലം: വഴി ചോദിക്കാനെന്ന വ്യാജേന എത്തി വയോധികയുടെ സ്വർണ്ണമാല കവർന്ന ജിം ട്രെയിനറെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ അർജുൻ (23) ആണ് പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓച്ചിറ ഇടയനമ്പലത്തിലെ ജിമ്മിൽ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.

ഇക്കഴിഞ്ഞ സെപ്റ്റംബർ 12-ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം സ്വന്തം വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 78-കാരിയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ സ്വർണ്ണമാലയാണ് അർജുൻ പൊട്ടിച്ചെടുത്തത്. സ്കൂട്ടറിലെത്തിയ പ്രതി വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ അടുത്തെത്തുകയും, സമീപത്ത് ആളുകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാല കവർന്ന് കടന്നുകളയുകയുമായിരുന്നു.

വയോധിക കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ അർജുന്റെ ക്ലാപ്പനയിലുള്ള വാടകവീട്ടിൽ നിന്ന് നഷ്ടപ്പെട്ട മാല കണ്ടെടുക്കുകയുണ്ടായി. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.