കൊല്ലത്ത് ഹോട്ടൽ മുറിയിൽ മാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ
Aug 5, 2026, 18:39 IST
കൊല്ലത്ത് ഹോട്ടൽ മുറിയിൽ നിന്ന് മാരക ലഹരിമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കൊറ്റങ്കര മാമൂട് സ്വദേശി ആഷിക് എന്ന് വിളിക്കുന്ന തൽഹത്താണ് അറസ്റ്റിലായത്. കൊല്ലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കരിക്കോടുള്ള ഹോട്ടൽ മുറിയിൽ നിന്ന് 3.058 ഗ്രാം മെത്തഫെറ്റാമിൻ പിടികൂടിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, ഷെഫീക്ക്, അഖിൽ വി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സൂരജ്, സാലിം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീജ കുമാരി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.