റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; മൂന്ന് പേർ കൂടി പിടിയിൽ
തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് ഉടമ ശ്യാമിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്ന് ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടി പോലീസിന്റെ പിടിയിലായി. കർണാടക അതിർത്തിയിലെ സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കർണാടക സ്വദേശികളായ മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരെയാണ് വെള്ളറട പോലീസ് സാഹസികമായി പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി ഉയർന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് ശേഷം ആദ്യ മൂന്നംഗ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നെങ്കിലും, ശ്യാമിനെ കയറ്റിയ രണ്ടാമത്തെ വാഹനം വഴിതെറ്റി ചെമ്പൂർ ഭാഗത്തേക്ക് പോയത് അന്വേഷണത്തിൽ നിർണ്ണായകമായി. നാട്ടുകാരും പോലീസും ചേർന്ന് ഈ വാഹനം തടഞ്ഞാണ് ആദ്യഘട്ട അറസ്റ്റ് രേഖപ്പെടുത്തിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണിയുടെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് സത്യമംഗലം കാട്ടിൽ നിന്ന് മറ്റ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ നിരവധി കവർച്ച, ഗുണ്ടാ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.