വാട്സ്ആപ്പിലെ വ്യാജ ലിങ്കുകളും തട്ടിപ്പുകളും തിരിച്ചറിയാൻ പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലീസ്

 

 വാട്സ്ആപ്പിൽ എത്തുന്ന വ്യാജ സന്ദേശങ്ങളും തട്ടിപ്പ് ലിങ്കുകളും തിരിച്ചറിയാൻ പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലീസ് രംഗത്ത്. ‘സൈബർ വാൾ’ എന്ന് പേരിട്ടിരിക്കുന്ന വാട്സ്ആപ്പ് ചാറ്റ് ബോട്ട് സംവിധാനത്തിലൂടെയാണ് തട്ടിപ്പുകളെ പ്രതിരോധിക്കാൻ പൊലീസ് പുതിയ മാർഗ്ഗം ഒരുക്കിയിരിക്കുന്നത്. സംശയാസ്പദമായ സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിച്ചറിഞ്ഞ് സൈബർ തട്ടിപ്പുകളിൽ അകപ്പെടുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അജ്ഞാത സന്ദേശങ്ങൾ, ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ, ബാങ്ക് വിവരങ്ങൾ, എസ്.എം.എസ് എന്നിവയുടെയെല്ലാം സുരക്ഷിതത്വം ഈ ചാറ്റ് ബോട്ട് വഴി പരിശോധിക്കാൻ സാധിക്കും. കൂടാതെ, സംശയകരമായ ഐ.പി അഡ്രസുകളെക്കുറിച്ചും സുരക്ഷിതമല്ലാത്ത മൊബൈൽ ആപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

കേരള പൊലീസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറായ 9497964163 ലേക്കാണ് സംശയകരമായ വിവരങ്ങൾ അയക്കേണ്ടത്. അജ്ഞാത സന്ദേശങ്ങളോ ലിങ്കുകളോ ഈ നമ്പറിലേക്ക് ഫോർവേഡ് ചെയ്താൽ, അവയുടെ അപകടസാധ്യത പരിശോധിച്ച് ചാറ്റ് ബോട്ട് ഉടനടി ഉപയോക്താവിന് മുന്നറിയിപ്പ് നൽകും. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിനും പൊതുജനങ്ങൾക്കിടയിൽ ജാഗ്രത വളർത്തുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാകും.