കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ പിടികൂടിയത് 11 കോടിയുടെ സ്വർണം

 

 തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ഒരാഴ്ചക്കുള്ളിൽ 14 കേസുകളിലായി 11 കോടിയിലധികം വിലവരുന്ന എട്ട് കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ആറ് മലയാളികളും മൂന്ന് തമിഴ്‌നാട്ടുകാരും ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

ചില കേസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) കേരള പൊലീസും കസ്റ്റംസുമായി അടുത്തു സഹകരിച്ചതും സ്വർണം പിടിച്ചെടുത്തതിൽ ഫലം കണ്ടതായി കസ്റ്റംസ് കമീഷണർ അറിയിച്ചു. സ്വർണം ഖര രൂപത്തിൽനിന്ന് മാറ്റി പേസ്റ്റ് രൂപത്തിലും കെമിക്കലുകളുടെ സഹായത്തോടെ ദ്രാവക രൂപത്തിലും ആക്കിയാണ് കടത്തുന്നത്.

കസ്റ്റംസ് അധികൃതരുടെ പിടിയിൽനിന്ന് രക്ഷ നേടുന്നതിനുളള മാർഗ്ഗമാണ്. ഒരാഴ്ചയ്ക്കുളളിൽ വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ നിന്നും അനധികൃതമായി കൊണ്ടുവന്ന മൂന്ന് കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസികളും പിടിച്ചെടുത്തു.