കാസര്‍കോട് മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു

 

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. നീലേശ്വരത്തും കാസര്‍കോട് നഗരത്തിലും പുലിക്കുന്നിലുമായി നാല് പേര്‍ പൊലീസ് പിടിയിലായി. പുലിക്കുന്നില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്. ചെങ്കള ചേരൂര്‍ സ്വദേശി അബ്ദുല്‍ഖാദര്‍ മഹഷൂഫ് എന്ന 25 വയസുകാരന്‍ പിടിയിലായി. ബൈക്കില്‍ കടത്തുകയായിരുന്നു ഇത്രയും തുക. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ‍നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്.

കാസര്‍കോട് നഗരത്തില്‍ വച്ച് 9,18,500 രൂപയാണ് പിടികൂടിയത്. ബങ്കരകുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാര്‍മൂല സ്വദേശി എംഎ റഹ്മാന്‍ എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇതും ബൈക്കില്‍ കടത്തുകയായിരുന്നു. മാര്‍ക്കറ്റിന് സമീപം വച്ച് നടത്തിയ പരിശോധനയിലാണ് നീലേശ്വരത്ത് 18.5 ലക്ഷം രൂപ കുഴല്‍പ്പണം പിടിച്ചത്. ഒഴിഞ്ഞവളപ്പ് സ്വദേശി കെകെ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ന്‍റെ നേതൃത്വത്തിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരാനാണ് പൊലീസിന്‍റെ തീരുമാനം.