കരുമാല്ലൂരിൽ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിക്ക് നേരെ സഹോദരന്റെയും ഭാര്യയുടെയും ക്രൂരമർദനം
കരുമാല്ലൂരിൽ യുവതിക്ക് നേരെ സഹോദരന്റെയും ഭാര്യയുടെയും ക്രൂരമർദനം. സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനവും വീട്ടിൽ പൂട്ടിയിടലും. ആലങ്ങാട് കുന്നേൽ സ്വദേശിനി ജോമോളാണ് സഹോദരൻ ജോയ്സൺ, ഇയാളുടെ ഭാര്യ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ ആലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയും സഹോദരനും തമ്മിൽ വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നു. ജോമോളുടെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ സഹോദരൻ ജോയ്സൺ ബലമായി കൈപ്പറ്റിയതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നതുമാണ്. അന്ന് പണം തിരികെ നൽകാമെന്ന് ജോയ്സൺ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാന്നിധ്യത്തിൽ പരാതി ഒത്തുതീർപ്പാക്കിയത്. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് പണം നൽകാതിരുന്നതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം രൂക്ഷമാവുകയായിരുന്നു.
ഈ ശത്രുത നിലനിൽക്കെയാണ്, ജോയ്സന്റെ ഭാര്യയുടെ സ്വർണമാല കാണാതായത്. ഇത് ജോമോൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു പുതിയ തർക്കം. തുടർന്ന് ജോയ്സണും ഭാര്യയും ചേർന്ന് ജോമോളെ അതിക്രൂരമായി മർദിക്കുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയുമായിരുന്നു. ഭയന്നുപോയ ജോമോൾ എങ്ങനെയോ ഈ വിവരം തന്റെ കൂട്ടുകാരിയായ റെയ്നയെ ഫോണിൽ വിളിച്ച് അറിയിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ സുഹൃത്തിനെ രക്ഷിക്കാനായി വീട്ടിലെത്തിയ റെയ്നയെയും ഇരുവരും ചേർന്ന് മർദിച്ചതായാണ് പരാതിയിലുള്ളത്.
തുടർന്ന് മറ്റൊരു സുഹൃത്താണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ ആലങ്ങാട് പോലീസ് സ്ഥലത്തെത്തി പൂട്ടിയിട്ട മുറിയിൽ നിന്നും ജോമോളെ മോചിപ്പിക്കുകയായിരുന്നു. മർദനമേറ്റ ജോമോളും സുഹൃത്ത് റെയ്നയും കരുമാല്ലൂർ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, യുവതി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമായി മർദിക്കാൻ കാരണമായ സ്വർണമാല പിന്നീട് ഇവരുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ സഹോദരനെതിരെ കൃത്യമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ആലങ്ങാട് പോലീസ് അറിയിച്ചു.