തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതികളുൾപ്പെടെ അഞ്ചുപേർ പിടിയിൽ

 

ചാരുംമൂട്: തിരുവനന്തപുരം ജില്ലയിൽ കാപ, കൊലപാതക ശ്രമം, ഭവന ഭേദന കേസുകളിൽ പ്രതികളായവരെ നൂറനാട് പൊലീസ് പിടികൂടി. ഗുണ്ടകളെ അമർച്ചചെയ്യാൻ ആലപ്പുഴ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓപറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

തിരുവന്തപുരം നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുൻ (29), തിരുമല അണ്ണൂർ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യ ഭവൻ വീട്ടിൽ ഫെബിൻ, പേയാട് ചീലപ്പാറ ഐശ്വര്യ ഭവൻ വീട്ടിൽ അമൽ (28), നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടിൽ അനന്ദു എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം മലയൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവനഭേദനം ഉൾപ്പടെ കേസുകളിലുൾപ്പെട്ട ശേഷം പൊലീസിന് പിടി കൊടുക്കാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇവർ. പ്രതികൾ ഓരോരുത്തർക്കുമെതിരെ ഇരുപതോളം കേസുകളുണ്ട്. കാപ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നവരാണ് അമലും മിഥുനുമെന്ന് പൊലീസ് പറഞ്ഞു. ഇവരോടൊപ്പം കരുതൽ തടങ്കലിൽ കഴിഞ്ഞ് വന്ന നൂറനാട് താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവിൽ കഴി‍ഞ്ഞുവരികയായിരുന്നു. ബുധനാഴ്ച താമരക്കുളത്തെ ശരത്തിന്റെ വീ് വളഞ്ഞ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നൈതൃത്വത്തിൽ സാഹസികമായാണ് പ്രതികളെ പിടികൂടിയത്.

ഓണത്തോനുബന്ധിച്ച് ശരത്തിനെ ഒരുകൂട്ടപേർ ആക്രമിച്ചിരുന്നു. ഗുരതര പരിക്കേറ്റ ശരത് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ആക്രമണത്തിന് പ്രതികാരം ചെയ്യാനാണോ പ്രതികൾ താമരക്കുളത്ത് എത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. എസ്.ഐ ഹക്കീം, സുരേഷ്, എ.എസ്.ഐ രാധാകൃഷ്ണൻ ആചാരി, എസ്.സി.പി.ഒ സിജു, സി.പി.ഒ ബിനു, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.