കാഞ്ഞങ്ങാട് ഇൻസ്റ്റഗ്രാം വഴി വിദ്യാർഥികൾക്ക് ഇ –സിഗരറ്റ് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ
ഓൺലൈൻ വഴി കുട്ടികൾക്ക് ഇ – സിഗരറ്റ് വിൽപന നടത്തുന്ന യുവാവിനെ നാട്ടുകാർ തന്ത്രപൂർവം വിളിച്ചുവരുത്തി പൊലീസിന് കൈമാറി. ബേക്കൽ സ്വദേശി ജാഫർ ആണ് പിടിയിലായത്.
കാഞ്ഞങ്ങാട്: ഓൺലൈൻ വഴി കുട്ടികൾക്ക് ഇ – സിഗരറ്റ് വിൽപന നടത്തുന്ന യുവാവിനെ നാട്ടുകാർ തന്ത്രപൂർവം വിളിച്ചുവരുത്തി പൊലീസിന് കൈമാറി. ബേക്കൽ സ്വദേശി ജാഫർ ആണ് പിടിയിലായത്. കുട്ടികൾ വീട്ടിൽനിന്ന് നിരന്തരം പണം ആവശ്യപ്പെട്ട് തർക്കത്തിലേർപ്പെട്ടതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചെറിയ കുട്ടികൾ വരെ ഇ –സിഗരറ്റ് ഉപയോഗിക്കുകയാണെന്ന് വിവരമറിയുന്നത്.
അഞ്ചുമുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ വരെ ഇ –സിഗരറ്റ് ഉപയോഗിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇ–സിഗരറ്റ് ഒന്നിന് 1500 രൂപ മുതൽ 2500 രൂപ വരെയാണ് വില. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമത്തിലൂടെ ഓർഡർ സ്വീകരിച്ച് പള്ളിക്കര, കല്ലിങ്കാൽ, പൂച്ചക്കാട്, ബേക്കൽ ഭാഗത്ത് ഇ–സിഗരറ്റ് എത്തിക്കുന്ന യുവാവിനെ പിടികൂടാൻ ഒടുവിൽ പൂച്ചക്കാട്ടുകാർ സംഘടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഇ –സിഗരറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ ഒരു കുട്ടിയെ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം വഴി ഓർഡർ നൽകി. വാനിൽ സാധനവുമായെത്തിയ യുവാവിനെ ബേക്കലിൽ വെച്ച് നാട്ടുകാർ പിടികൂടി. പ്രതിയിൽ നിന്ന് നിരവധി ഇ –സിഗരറ്റുകളും കണ്ടെത്തി. ബേക്കൽ പൊലീസിന് കൈമാറി. പ്രതിക്കെതിരെ കേസെടുത്തു.