കാലിക്കടവ് എംഡിഎംഎ കേസ് ; മുഖ്യപ്രതികൾ പിടിയിൽ
കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഘാന സ്വദേശി വിക്ടർ, കേസിലെ പ്രധാന കണ്ണിയായ ഗുജറാത്ത് സ്വദേശിനി റിയ ഖാൻ എന്നിവരെയാണ് കേരള പോലിസ് പിടികൂടിയത്. വിക്ടറിനെ കൊല്ലത്തുനിന്നും റിയയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽനിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഇരുവരേയും ചന്തേര പോലിസ് സ്റ്റേഷനിൽ എത്തിക്കും. കാലിക്കടവിൽ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലാണ് ഇരുവരേയും കേരള പോലിസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി നിധിൻ രാജ് ഐപിഎസിന്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തുന്നത്.
കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ(33) എന്നയാളെ ഈ മാസം 19ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പോലിസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്, മധ്യപ്രദേശ് ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ സബ് ഇൻസ്പെക്ടർ(ഹൊസ്ദുർഗ്)നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ പോലിസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
കേസിലെ അന്താരാഷ്ട്ര ബന്ധവും യുവതിക്കുവേണ്ടിയുള്ള തിരച്ചിലും നേരത്തെതന്നെ അന്വേഷണ സംഘം ശക്തമാക്കിയിരുന്നു. സംഘത്തിലുണ്ടായിരുന്ന യുവതി ആരാണ് എന്നത് സംബന്ധിച്ച വിശദാന്വേഷണവും പോലിസ് ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഗ്വാളിയോറിൽനിന്ന് റിയയെ പിടികൂടിയത്. ഘാന സ്വദേശി വിക്ടറിനെ പിടികൂടിയതിലൂടെ സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധവും സംശയിക്കുന്നുണ്ട്. പ്രത്യേകാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശൃംഖലയുടെ നിർണായക കണ്ണികൾ വലയിലായത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം നൈജീരിയൻ ലഹരി മാഫിയയിൽനിന്ന് മയക്കുമരുന്ന് വാങ്ങുമ്പോൾ റിയയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പോലിസ് സ്ഥിരീകരിച്ചിരുന്നു.
കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ബാസ് (50), അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് (43) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നിർണായകമായ സാമ്പത്തിക വിവരങ്ങൾ നേരത്തെ പോലിസ് പുറത്തുവിട്ടിരുന്നു. പ്രതികളുടെ അക്കൗണ്ടുകളിൽനിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി പോലിസ് കണ്ടെത്തി. ഈ തുക മുഴുവൻ ബെംഗളൂരുവിൽ താമസിക്കുന്ന റിയ എന്ന യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അയച്ചിരിക്കുന്നത്. പലതരത്തിലുള്ള ഇടനിലക്കാരെ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റം നടന്നത്.