കടയ്ക്കാവൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്ത കാപ്പ കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്ത കാപ്പ കേസ് പ്രതി പൊലീസ് പിടിയിൽ. പെരുംകുളം സ്വദേശി താഹ (33) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 7-ന് രാത്രി എട്ടോടെ പാലാംകോണം സലഫി സെന്ററിന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറുമുൾപ്പെടെയുള്ള വാഹനങ്ങളാണ് യാതൊരു പ്രകോപനവുമില്ലാതെ പ്രതി അക്രമാസക്തനായി അടിച്ചുതകർത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താഹയ്‌ക്കെതിരെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി നേരത്തെ കാപ്പ ചുമത്തിയിരുന്നു. സംഭവസ്ഥലത്ത് ആളുകൾ പരിഭ്രാന്തരായി ഓടിയെങ്കിലും, വിവരമറിഞ്ഞ് ഉടൻ തന്നെ കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാട്ടുകാരിൽ ഭീതി പരത്തിയ അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ചോദ്യം ചെയ്തുവരികയാണ്.