യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ
റാന്നി: യു.കെയിൽ നഴ്സിങ് അസിസ്റ്റന്റ് ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരിക്കുറ്റി സ്വദേശിനിയെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇടുക്കി അണക്കര രാജാക്കണ്ടം വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോണാണ് (42) പിടിയിലായത്.
ഡിസംബർ 22ന് യുവതിയുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽനിന്ന് ജോമോന്റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ മനു മോഹൻ മുഖേന ഒന്നാം പ്രതിയുടെ റാന്നിയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയത്.റാന്നി പാലത്തിനടുത്താണ് ജോമോൻ നടത്തുന്ന ഹോളി ലാൻഡ് കൺസൾട്ടൻസി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
സ്ഥാപനത്തിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേനയാണ് യുവതിയിൽനിന്ന് പണം കൈപ്പറ്റിയത്. തുടർന്ന് ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നാണ് പരാതി. ഈ മാസം രണ്ടിന് റാന്നി പോലീസ് സ്റ്റേഷനിൽ എത്തി യുവതി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ജോമോനെ റാന്നി നെല്ലിക്കാമണ്ണിലെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്. ഇസ്രായേൽ, യു കെ എന്നിവടങ്ങളിലേക്ക് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് ഏറെയും നടത്തുന്നതെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായി.