ഇഞ്ചത്തൊട്ടി വനത്തിൽ വന്യജീവിയെ വേട്ടയാടി മാംസം വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

 

 കോതമംഗലം : നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിലെ ഇഞ്ചത്തൊട്ടി വനത്തിൽ വന്യജീവിയെ വേട്ടയാടി മാംസം വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. ഇഞ്ചത്തൊട്ടി സംരക്ഷിത വനത്തിലെ മുതുവാൻപാറ ഭാഗത്ത് താമസിക്കുന്ന സുനിൽ (50), രാജു പൊന്നപ്പൻ (45) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. ജൂലൈ 4 ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ഇഞ്ചത്തൊട്ടി–നേര്യമംഗലം റോഡിൽ വെച്ചായിരുന്നു അറസ്റ്റ്.

ചാക്കിൽ ഒളിപ്പിച്ച നിലയിൽ 7 കിലോ മുള്ളൻപന്നി മാംസവുമായി നേര്യമംഗലം മാർക്കറ്റിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഇരുവരും വനപാലകരുടെ മുന്നിൽപ്പെടുന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനപാലകർ തടഞ്ഞുനിർത്തി ചാക്ക് പരിശോധിച്ചപ്പോഴാണ് മാംസം കണ്ടെത്തിയത്. തുടർന്ന് പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ വനത്തിൽ കെണിയൊരുക്കി മുള്ളൻപന്നിയെ വേട്ടയാടി പിടിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. മുതുവാൻപാറയിലെ തങ്ങളുടെ താമസസ്ഥലത്തിന് സമീപമുള്ള വനമേഖലയിൽ സ്റ്റീൽ കേബിൾ കമ്പികൾ ഉപയോഗിച്ച് ഇവർ കെണിയൊരുക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾഡ് വൺ വിഭാഗത്തിൽപ്പെടുന്ന വന്യജീവിയാണ് മുള്ളൻപന്നി. ഇതിനെ വേട്ടയാടുന്നത് ജാമ്യമില്ലാത്തതും ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാവുന്നതുമായ ഗുരുതരമായ കുറ്റമാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.