അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 62 കാരന് 62.5 വർഷം കഠിന തടവ്
ആലപ്പുഴ : ജില്ലയിൽ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 62 വയസ്സുകാരന് 62.5 വർഷം കഠിന തടവും 1,80,000 രൂപ പിഴയും വിധിച്ച് കോടതി.ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പത്തിയൂർ സ്വദേശിയായ ശശി കെ. എന്ന പ്രതിക്ക് കഠിന തടവ് വിധിച്ചത്. 2021 മുതൽ 2022 ഏപ്രിൽ മാസം വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ ഭയപ്പെടുത്തിയാണ് പ്രതി ലൈംഗികമായി ചൂഷണം ചെയ്തതെന്ന് കോടതി കണ്ടെത്തി. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ ഒന്നിച്ചാണ് 62.5 വർഷം കഠിന തടവായി അനുഭവിക്കേണ്ടി വരിക. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി. ഹരീഷാണ് കേസിൽ വിധി പ്രസ്താവിച്ചത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എം. സുധിലാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.