അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരും കേസിൽ പ്രതികളാകും ; ഹൈക്കോടതി
അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരും കേസിൽ പ്രതികളാവുമെന്ന് ഹൈക്കോടതി. ലൈംഗിക ആവശ്യങ്ങൾക്ക് എത്തുന്നവർക്കെതിരെ കേസെടുക്കാനാവില്ലെന്ന വിവിധ സിംഗിൾ ബെഞ്ചുകളുടെ ഉത്തരവിൽ വ്യക്തത വരുത്തിയാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
അനാശാസ്യം തടയുന്നതിനുള്ള 1956ലെ നിയമത്തിലെ 5, 6 സെക്ഷനുകൾ സേവനം തേടി വരുന്നവർക്ക് ബാധകമാണെന്ന് കോടതി വ്യക്തമാക്കി. പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് സ്വദേശി സമർപ്പിച്ച ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
താൻ ഇടപാടുകാരൻ മാത്രമാണെന്നും തിനിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ലോഡ്ജിൽ വച്ച് ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിച്ച് പ്രതിക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 3, 4, 5 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
അനാശാസ്യകേന്ദ്രം എന്നത് ലൈംഗിക ചൂഷണത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ നടത്തുന്ന സ്ഥാപനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പണം നൽകി ഇത്തരം സേവനം തേടുന്ന ഇടപാടുകാരൻ ഈ ബിസിനസ് വ്യവസ്ഥിതിയെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.