ഇടുക്കിയിൽ പട്ടാപ്പകൽ വൃദ്ധയെ കെട്ടിയിട്ട് കവർച്ച

 

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ നടുമറ്റം സ്വദേശിയായ 80 വയസ്സുള്ള മറിയക്കുട്ടിയെ വീട്ടിൽ കെട്ടിയിട്ട് ഒന്നരപ്പവൻ സ്വർണവും 5000 രൂപയും കവർന്നു. രാവിലെ ഒമ്പത് മണിയോടെ മറിയക്കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് മൂന്നംഗ സംഘം കവർച്ച നടത്തിയത്.

കുടിവെള്ളം ചോദിച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘം പാലത്തിങ്കൽ മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. മറിയക്കുട്ടി വെള്ളമെടുക്കാനായി അകത്തേക്ക് പോയ ഉടനെ മോഷ്ടാക്കളും വീട്ടിനുള്ളിൽ കടന്നു. തുടർന്ന് വൃദ്ധയുടെ കൈകൾ ബന്ധിച്ച് ഊണു മേശയിൽ കെട്ടിയിട്ട ശേഷം ദേഹത്തുണ്ടായിരുന്ന ഒന്നരപ്പവൻ സ്വർണം ഇവർ മോഷ്ടിച്ചു. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും സംഘം കവർന്നു.


കവർച്ചക്കിടെ മറിയക്കുട്ടി സ്വയം കെട്ടഴിച്ച ശേഷം പുറത്തേക്ക് ഓടി സമീപത്ത് തടിപ്പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികളെ വിവരമറിയിച്ചു. തൊഴിലാളികൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ ഉടൻ തന്നെ രാജാക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ, മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഴൂർ ചാമംപതാൽ സ്വദേശി ആഷിക് മുഹമ്മദിന്റെ പേരിലുള്ളതാണ് ഈ ബൈക്ക്. തന്റെ ബന്ധുവായ അൽത്താഫ് എന്നയാൾ തിങ്കളാഴ്ച ബൈക്ക് വാങ്ങിക്കൊണ്ടുപോയതായാണ് ആഷിക് പോലീസിന് മൊഴി നൽകിയിട്ടുള്ളത്. ബൈക്ക് കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.