കാക്കനാട് യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് അറസ്റ്റിൽ

കാക്കനാട് അമ്പാടിമൂലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അനില്‍കുമാര്‍ ആണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭാര്യ ജയശ്രീയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

 

 കൊച്ചി: കാക്കനാട് അമ്പാടിമൂലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അനില്‍കുമാര്‍ ആണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭാര്യ ജയശ്രീയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പ്രദേശവാസികള്‍ ചേര്‍ന്ന് കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ കാക്കനാട് അമ്പാടിമൂലയിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ വച്ചായിരുന്നു സംഭവം. വനിതാ ഹോസ്റ്റലിലെ താമസക്കാരിയാണ് യുവതിയെന്നാണ് വിവരം. സംഭനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതിയെ എന്‍ജിഒ ക്വട്ടേഴ്സിന് സമീപമുള്ള ഗ്രൗണ്ടില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർത്താവ് അനിൽകുമാർ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് ജീവനക്കാരനായി ജോലി ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.