കുടകിൽ യുഎസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്ത ഹോംസ്റ്റേ ജീവനക്കാരനും സ്ഥാപന ഉടമയും അറസ്റ്റിൽ
കുടക്: കർണാടകയില്‍ യുഎസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്ത പരാതിയിൽ ഹോംസ്റ്റേ ജീവനക്കാരനും സ്ഥാപന ഉടമയും അറസ്റ്റിൽ. കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. വാഷിംങ്ടണിൽ നിന്നെത്തിയ യുവതിയാണ് ബലാത്സംഗത്തിനിരയായത്.
വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോംസ്റ്റേയിലെ മുറിക്കുള്ളിൽ വെച്ച് ലഹരി കലർത്തിയ പാനീയം നൽകുകയും തുടർന്ന് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവം യുവതി പുറത്തുപറയാതിരിക്കാനായി ഹോംസ്റ്റേ ഉടമ സ്ഥാപനത്തിലെ വൈഫൈ ആക്സസ് മൂന്ന് ദിവസത്തേക്ക് വിഛേദിച്ചു. കൂടാതെ യുവതിയെ തടഞ്ഞുവെക്കുകയും മൊബൈൽ ഫോൺ പിടിച്ചുവെക്കുകയും ചെയ്തു. സംഭവം പുറത്തുപറയാതിരിക്കാൻ ടൂറിസ്റ്റിനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം നടത്തിയാണ് ഹോംസ്റ്റേ ജീവനക്കാരനെയും ഉടമയെയും അറസ്റ്റ് ചെയ്തതെന്ന് കർണാടക പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. മൈസൂരുവിലെത്തിയ യുവതി യുഎസ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. യുഎസ് എമ്പസിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ മെയ് മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.