ഹരിപ്പാട് കോടികളുടെ തിമിംഗല ഛർദ്ദി പിടികൂടി

 

 ഹരിപ്പാട് പള്ളിപ്പാട്ടെ വാടകവീട്ടിൽ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് പള്ളിപ്പാട് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും ഈ വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസക്കാരനായ കായംകുളം സ്വദേശി നിതീഷ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ സൂക്ഷിക്കാൻ ഏൽപ്പിച്ച പൊതിയാണിതെന്നാണ് യുവതി പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് വായുകടക്കാത്ത രീതിയിൽ അതീവ ഭദ്രമായി ചുറ്റിയ അഞ്ച് വലിയ പൊതികളുടെ രൂപത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത 44 കിലോഗ്രാം പദാർഥത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസായതിനാൽ പിടിച്ചെടുത്ത പദാർഥം തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറി. എന്നാൽ, ഇത് യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്ന് കെമിക്കൽ ലാബ് പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ഒളിവിൽ പോയ നിതീഷ്, ജസ്റ്റിൻ എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലാകാനുള്ള നിതീഷ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ ആംസ് ആക്ട് പ്രകാരമുള്ള കേസും ഗുണ്ടാസംഘങ്ങളെ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് വീട്ടിലുണ്ടായിരുന്ന യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബു, എസ്ഐ നൗഷാദ്, ഷാഡോ പൊലീസ്, ഡാൻസാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വൻ വേട്ട നടത്തിയത്.