ഭക്ഷണത്തിൽ ചിക്കൻ കുറവ് ; ഹോട്ടലിൽ യുവാവിൻ്റെ അതിക്രമം  

 

ഹരിപ്പാട്: കഴിക്കാൻ വാങ്ങിയ ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് യുവാവ് ഹോട്ടലിൽ അതിക്രമം നടത്തി. ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന 'ചിക്കൻ ചിക്കാഗോ' എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളും തകർന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം. ഹോട്ടലിൽ എത്തിയ യുവാവ് ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തിരുന്നു. എന്നാൽ ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്ന് പറഞ്ഞ് ഇയാൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. ജീവനക്കാർ കൂടുതൽ ചിക്കൻ നൽകാമെന്ന് അറിയിച്ചെങ്കിലും വഴങ്ങാൻ തയ്യാറാകാതിരുന്ന യുവാവ് അക്രമാസക്തനാവുകയായിരുന്നു.