ഗുരുവായൂർ ക്ഷേത്ര ദർശന വിവാദം ; മുഖ്യമന്ത്രി വി.ഡി സതീശന് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്
ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു.നിയമാനുസൃതം പാസ്സെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡിൻറെ കണ്ടെത്തൽ. കാലത്ത് ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ മൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രി അഞ്ച് പേർക്ക് നെയ് വിളക്ക് ചീട്ട് എടുത്തിരുന്നു. അത് പ്രകാരമാണ് ദർശനം നടത്തിയത്. കൂടുതൽ ആളുകൾ മുഖ്യമന്ത്രിക്കൊപ്പം ദർശനത്തിന് ഉണ്ടായിരുന്നില്ല. ഒരാൾ പോലും തൊഴാൻ ആകാതെ മടങ്ങി എന്ന പരാതി പറഞ്ഞിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ മൊഴി നൽകി.
മന്ത്രി എപി അനിൽകുമാറിൻറെ മകൻറെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലർച്ചെ മുതൽ കാത്തുനിന്ന ഭക്തർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്.