ഗുജറാത്തിൽ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ടു
എം.എസ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായ രക്ഷിത് രവീഷ് ചൗരസ്യയാണ് കാറോടിച്ചിരുന്നത്

രക്ഷിത് മദ്യലഹരിയിലാണ് കാറോടിച്ചിരുന്നതെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണം അതാണെന്നും പോലീസ് ജോയിന്റ് കമ്മീഷ്ണര്‍ ലീനാ പാട്ടീല്‍ വ്യക്തമാക്കി
വഡോദര: വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ ഇടിച്ച് ഒരു സ്ത്രീ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍ ഹേമാലി ബെന്‍ പട്ടേല്‍ എന്ന സ്ത്രീയാണ് മരിച്ചത്. ജെയ്‌നി (12), നിഷാബെന്‍ (35), ഒരു പത്ത് വയസുള്ള പെണ്‍കുട്ടി, 40 വയസുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കരേലിബാഗിലെ അമ്രപാലി ചാര്‍ രാസ്തയില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അമിതവേഗതയിലാണ് യുവാവ് കാറോടിച്ചതെന്ന് വ്യക്തമാണ്. എം.എസ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായ രക്ഷിത് രവീഷ് ചൗരസ്യയാണ് കാറോടിച്ചിരുന്നത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
രക്ഷിത് മദ്യലഹരിയിലാണ് കാറോടിച്ചിരുന്നതെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണം അതാണെന്നും പോലീസ് ജോയിന്റ് കമ്മീഷ്ണര്‍ ലീനാ പാട്ടീല്‍ വ്യക്തമാക്കി. അമ്രപാലി കോംപ്ലെക്‌സിന് സമീപംവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്നു വേഗതയെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് രക്ഷിത് അവകാശപ്പെടുന്നത്. തന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും എയര്‍ബാഗ് അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനാല്‍ തനിക്ക് മുന്നിലുള്ളതൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നും രക്ഷിത് പറയുന്നു.