വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 

വാളയാർ: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വാളയാർ അട്ടപ്പള്ളത്ത് ഛത്തിസ്ഗഢ് സ്വദേശി രാം നാരായണൻ വയ്യാറിനെ ബിജെപി പ്രവർത്തകരുൾപ്പെടെ മർദ്ദിച്ച് കൊലപ്പെടുത്തിയത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമെന്ന് പോലിസ്. മണിക്കൂറുകൾ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാൾ നേരിട്ടതെന്നാണ് പോസറ്റ്മോർട്ടം റിപോർട്ട്. മർദനമേറ്റ് ചോരതുപ്പി നിലത്തുവീണ ശേഷം ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് വീണ്ടും തല്ലി കൊലപ്പെടുത്തിയത്. കേസിൽ നാല് ബിജെപി പ്രവർത്തകർ ഉൾപ്പടെ അഞ്ചു പേരെ വാളയാർ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

അതിഥി തൊഴിലാളി ജോലി തേടി നാലു ദിവസം മുൻപായിരുന്നു വാളയാറിൽ വന്നത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നു വർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണനു ഉണ്ടായിരുന്നു. ബുധൻ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാറി(31)നെ സംഘം ചേർന്ന് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാർ രക്തം ഛർദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധൻ രാത്രിയോടെ മരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും പോലിസ് പറഞ്ഞു. കിഴക്കേ അട്ടപ്പള്ളം അനന്തൻ(55), ബിജെപി-ആർഎസ്എസ് പ്രവർത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം സ്വദേശി കെ ബിബിൻ(30) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയെ മർദ്ദിച്ചവരാണ് അഞ്ചു പേരും.