8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് ; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം 

 

 കോഴിക്കോട് : 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്. കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടി. റാസൽ ഖൈമയിൽ നിന്നു കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വർണം കണ്ടെടുത്തത്.

പിതാവും മൂന്നു മക്കളുമാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് സ്വർണ്ണക്കടത്ത് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഓഗസ്റ്റ് മാസത്തിൽ മാത്രം വൻ സ്വർണ വേട്ടയാണ് കേരളത്തിൽ നടന്നത്. ഓഗസ്റ്റ് ആദ്യവാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. 14 വ്യത്യസ്ത കേസുകളിലായി 6 മലയാളികൾ ഉൾപ്പെടെ 9 പേരെ ഇതിൽ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.