ഡയപ്പറിൽ സ്വർണം കടത്തിയ സംഭവം; കുഞ്ഞിന്റെ അമ്മ നാല് ദിവസം മുമ്പ് രണ്ട് കോടിയുടെ സ്വർണവുമായി പിടിയിലായിരുന്നു
കോഴിക്കോട്: കരിപ്പൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 28കാരിയായ യുവതി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.78 കിലോ സ്വർണവുമായാണ് പിടിയിലായത്. പൊന്നാനി സ്വദേശിയായ ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡിആർഐ) മൊഴി നൽകിയിരുന്നു.
തുടർന്ന് ഭർത്താവിന്റെ യാത്രകൾ നിരീക്ഷിച്ചതിലൂടെയാണ് കരിപ്പൂരിൽ നിന്നും ഒരുകോടി രൂപയുടെ സ്വർണവുമായി പിടിയിലായത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ നിന്നായിരുന്നു സ്വർണം പിടിച്ചത്. ഇയാളും മൂന്ന് മക്കളുമാണ് റാസൽഖൈമയിൽ നിന്ന് ചൊവ്വാഴ്ച രാത്രി കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. കുഞ്ഞിന്റെ ഡയപ്പറിൽ നിന്നും സ്വർണം പിടികൂടിയതിന് പുറമേ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച ബാക്കി സ്വർണമിശ്രിതവും തുടർപരിശോധനയിൽ ലഭിച്ചിരുന്നു.