തിരുവനന്തപുരത്ത് 8 കിലോ കഞ്ചാവ് പിടികൂടിയ കേസ് ; പ്രതി പിടിയിൽ
തിരുവനന്തപുരം: ചാക്ക യുപി സ്കൂളിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ശ്രീവരാഹം സ്വദേശി മധു കെ. പിള്ള (52) ആണ് പിടിയിലായത്. ഇയാളുടെ ഒത്താശയോടെയാണ് ലഹരിമരുന്ന് കടത്തിയതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ നവംബർ 12-ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും പേട്ട പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാക്കയിൽ വെച്ച് 8.372 കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവദിവസം കർണാടക സ്വദേശി ചിന്തനെ (24) പോലീസ് സംഭവസ്ഥലത്തു വെച്ച് തന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മധു കെ. പിള്ള വലയിലായത്. കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക നീക്കത്തിലൂടെയാണ് മധുവിനെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പ്രത്യേക പരിശോധനകൾ പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.