ബിഹാറിൽ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം ; പ്രതികളിലൊരാൾ പിടിയിൽ
ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പ്രതികളിൽ ഒരാളെ പോലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് നാല് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട്ടിലെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് പ്രതികൾ പീഡിപ്പിച്ചത്. സഹായത്തിനായി നിലവിളിച്ച പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം പ്രതികൾ സമീപത്തെ കിണറ്റിലേക്ക് എറിയുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുന്നതിന് മുൻപ് തന്നെ അക്രമികൾ കൃത്യം നിർവഹിച്ചിരുന്നു. പ്രതികളെല്ലാം ഇതേ ഗ്രാമത്തിലുള്ളവരും കുടുംബത്തിന് പരിചയമുള്ളവരുമാണെന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.
പ്രതികളിൽ ഒരാൾ മുൻപും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി അമ്മ പോലീസിന് മൊഴി നൽകി. സംഭവത്തെത്തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പ്രതികളെ ഉടൻ പിടികൂടുമെന്ന പോലീസിന്റെ ഉറപ്പിലാണ് സംഘർഷാവസ്ഥ ഒഴിഞ്ഞത്. ഛപ്ര സദാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.