ബന്ധു നടത്തിയ ദുർമന്ത്രവാദം ഇല്ലാതാക്കാൻ  ദൈവിക പരിഹാരം നിർദേശിക്കാമെന്ന് പറ‍ഞ്ഞ് തട്ടിപ്പ് ; മഹാരാഷ്ട്രയിലെ കുടുംബത്തിന് നഷ്ട്ടമായത്  1.66 കോടി രൂപ

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ദുർമന്ത്രവാദം മുതലെടുത്ത് ഒരു കുടുംബത്തിൽനിന്ന് 1.66 കോടി രൂപ തട്ടിയെടുത്തതായി പരാതി. കുടുംബത്തിന്റെ ദുർമന്ത്രവാദ ഭയം മുതലെടുത്താണ് തട്ടിപ്പ്. കുടുംബത്തിനെതിരെ ബന്ധു നടത്തിയ ദുർമന്ത്രവാദം ഇല്ലാതാക്കാൻ വിവിധ ആചാരങ്ങളിലൂടെയും

 

 മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ദുർമന്ത്രവാദം മുതലെടുത്ത് ഒരു കുടുംബത്തിൽനിന്ന് 1.66 കോടി രൂപ തട്ടിയെടുത്തതായി പരാതി. കുടുംബത്തിന്റെ ദുർമന്ത്രവാദ ഭയം മുതലെടുത്താണ് തട്ടിപ്പ്. കുടുംബത്തിനെതിരെ ബന്ധു നടത്തിയ ദുർമന്ത്രവാദം ഇല്ലാതാക്കാൻ വിവിധ ആചാരങ്ങളിലൂടെയും തീർഥാടനങ്ങളിലൂടെയും ദൈവിക പരിഹാരം നിർദേശിക്കാമെന്ന് പറഞ്ഞുവിശ്വസിച്ചാണ് തട്ടിപ്പ്.

കുടുംബത്തിന്റെ പരാതിയെ തുടർന്ന് മുംബൈയിലെ അന്ധേരി സ്വദേശിയായ മഞ്ജുനാഥ് ഷെട്ടിക്കെതിരെ കാസർവദാവലി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2024 ജനുവരിയിൽ ഒരു പരിപാടിയിൽവെച്ചാണ് ഷെട്ടിയെ കുടുംബം പരിചയപ്പെടുന്നത്. പിന്നീട് കുടുംബത്തിന്റെ സാമ്പത്തിക വളർച്ച തടസ്സപ്പെടുത്താൻ ബന്ധു ദുർമന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് ഇവരെ ഷെട്ടി വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായി നിരവധി കർമങ്ങൾ ​ചെയ്യണമെന്നും 12ഓളം പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടനം നടത്തണമെന്നും നിർദേശിച്ചു. കുടുംബത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും മുതലെടുത്ത് ഇയാൾ ഇവരിൽനിന്ന് പണം തട്ടാനും തുടങ്ങി.

2024 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ പൂജാ സാമഗ്രികൾ വാങ്ങാൻ 10 ലക്ഷം രൂപ പണമായി വാങ്ങി. 2024 മേയ് മുതൽ 2026 ജനുവരി വരെ കുടുംബം ഓൺലൈൻ ഇടപാടുകൾ വഴി ഏകദേശം 1.56 കോടി രൂപ പ്രതിയുടെയും അമ്മയുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്തു. കൂടാതെ കോടതിയിലെ കേസുകൾ തീർപ്പാക്കാതെ കിടക്കുന്നതിനായി പണം ആവശ്യമാണെന്ന് പ്രതി അവകാശപ്പെട്ടു. ജയിലിലടച്ചാൽ ആചാരങ്ങൾ അപൂർണ്ണമാകുമെന്നും കുടുംബത്തിന്റെ സ്ഥിതി ഒരിക്കലും മെച്ചപ്പെടില്ലെന്നും ഷെട്ടി ഇവരെ വിശ്വസിപ്പിച്ചു. ഇതേ തുടർന്ന് കുടുംബത്തിന് തട്ടിപ്പ് മനസ്സിലാ​യതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടി​ല്ലെന്നും പൊലീസ് പറഞ്ഞു.