കെട്ടിട നിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് ; മാസ്റ്റർ ബിൽറ്റ് കമ്പനി എം ഡി ചെന്നൈയിൽ നിന്ന് അറസ്റ്റിൽ  

 

തിരുവനന്തപുരം : കെട്ടിട നിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മാസ്റ്റർ ബിൽറ്റ് കമ്പനി എംഡി ശരത് അറസ്റ്റിൽ. ഇയാളെ ഇൻഫോ പാർക്ക് പോലീസ് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. മറ്റ് പ്രതികളായ കൃഷ്‌ണപ്രസാദ്, ലിയോ എന്നിവരെ മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീടും ഫ്ലാറ്റുകളും നിർമ്മിച്ച് നൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇവർ പണം തട്ടിയെടുത്തത്. എന്നാൽ കൃത്യസമയത്ത് ആവശ്യപ്പെട്ട രീതിയിൽ നിർമ്മാണം പൂർത്തിയാക്കി നൽകാതെ വഞ്ചിക്കുന്നതാണ് ഇയാളുടെ തട്ടിപ്പ് രീതി.

നിസാർ എന്ന വ്യക്തിയിൽ നിന്ന് ഇവർ ഫ്ലാറ്റ് നിർമ്മിച്ച് നൽകാം എന്ന് പറഞ്ഞ് 22.15 ലക്ഷം രൂപ വാങ്ങിയ ശേഷം നിർമ്മാണം പൂർത്തിയാക്കി നൽകാതിരുന്ന സംഭവമാണ് അവസാനത്തെ കേസ്.

ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐ ബദറുദ്ദീൻ, എസ്സിപിഒ കണ്ണൻ എന്നിവരടങ്ങുന്ന സംഘം ചെന്നൈയിൽ ക്യാമ്പ് ചെയ്‌താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.