മെസ്സിയുടെ പേരിൽ നടന്ന ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസ് ; വി. അബ്ദുറഹിമാനെയും യു. ഷറഫലിയെയും പ്രതിചേർക്കാൻ എസ്.ഐ.ടി റിപ്പോർട്ട് ഉടൻ
ലയണൽ മെസ്സിയുടെ പേരിൽ നടന്ന ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെയും അന്നത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം: ലയണൽ മെസ്സിയുടെ പേരിൽ നടന്ന ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെയും അന്നത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പിൽ നിന്ന് നേരത്തെ തന്നെ അനുമതി ലഭിച്ചിട്ടുണ്ട്.
കലൂർ സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപയുടെ സാമ്പത്തിക ഇളവ് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഡിയം ആർ.ബി.സി.ക്ക് അനുവദിച്ച അതേ ദിവസം തന്നെയാണ് യു. ഷറഫലി മാനേജിങ് ഡയറക്ടറായ മലപ്പുറത്തെ ഫുട്ബോൾ അക്കാദമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയത്. ഈ തുക എങ്ങനെ ചെലവഴിച്ചുവെന്നും ഏതൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതിനും അന്വേഷണ സംഘത്തിന് രേഖകൾ ലഭിച്ചിട്ടുണ്ട്.
അർജന്റീന ഫുട്ബോൾ അസോസിയേഷനും ആർ.ബി.സി.യും തമ്മിൽ ഒപ്പിട്ട കരാറിൽ അന്നത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ യു. ഷറഫലി സാക്ഷിയായിരുന്നു. കരാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് പ്രത്യുപകാരമായാണ് തുക അക്കാദമിയുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശേഖരിച്ച തെളിവുകളുടെയും സാമ്പത്തിക രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും ഇരുവരെയും പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകുക.