കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചു ;  24-കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

 

കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് പ്രണയവിവാഹം കഴിച്ചതിന് 24-കാരിയായ മകളെ പിതാവ് ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വിമൽ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. അങ്കിത (24) ആണ് കൊല്ലപ്പെട്ടത്.

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ ഉദ്യോഗസ്ഥനായ അമിത് പച്ചൗരിയുമായി നാല് മാസം മുൻപായിരുന്നു അങ്കിതയുടെ വിവാഹം. കുടുംബത്തിന്റെ ശക്തമായ എതിർപ്പോടെയായിരുന്നു വിവാഹമെങ്കിലും, ഭർത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിയതോടെ അങ്കിത സ്വന്തം വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. വിവാഹത്തെച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ഓഗസ്റ്റ് 3 തിങ്കളാഴ്ച രാത്രി അങ്കിതയുമായി ഉണ്ടായ തർക്കം രൂക്ഷമായതിനെ തുടർന്ന് വിമൽ ശർമ്മ മകളെ മർദ്ദിക്കുകയും, ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന ഭാര്യയോടും മകനോടും പുറത്തുപോകാൻ ആവശ്യപ്പെട്ട വിമൽ ശർമ്മ, മൃതദേഹത്തിന് സമീപം തന്നെ ഇരുന്നു.

വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട് അയൽവാസികൾ വാതിലിൽ മുട്ടിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വീടിനുള്ളിലെ ലൈറ്റുകൾ അണച്ചതോടെ സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി, വായിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു അങ്കിത. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകൾ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി വിമൽ ശർമ്മ പോലീസിന് നൽകിയ മൊഴി.