ഫെയ്‌സ്ബുക്ക് പരസ്യം വിനയായി !! ഓൺലൈൻ ഷോപ്പിങ് വഴി 299 രൂപ വിലയുള്ള വസ്‌ത്രം വാങ്ങിയ നഴ്‌സിന് നഷ്‌ടമായത് 1 ലക്ഷം രൂപ
മുംബൈ : മുംബൈയിൽ 299 രൂപ വിലയുള്ള വസ്ത്രം ഓൺലൈനായി വാങ്ങാൻ ശ്രമിച്ച നഴ്സിന് ഒരു ലക്ഷം രൂപ നഷ്ടമായി. ഫെയ്‌സ്‌ബുക്കിൽ കണ്ട പരസ്യം വഴി 299 രൂപയുടെ വസ്‌ത്രം ഓർഡർ ചെയ്‌ത സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനാണ് തുക നഷ്‌ടമായത്. പരസ്യത്തിലെ വാട്ട്സ്ആപ്പ് നമ്പറിലാണ് യുവതി വസ്ത്രം ഓർഡർ ചെയ്‌തത്. വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജ്, ജിപിഎസ് നിരക്ക്, ട്രാക്കിംഗ് ഫീ, വെരിഫിക്കേഷൻ കോഡ് തുടങ്ങിയ വിവിധ കാരണങ്ങൾ പറഞ്ഞ് തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടു.
അയക്കുന്ന തുകയിൽ നല്ലൊരു ഭാഗം പിന്നീട് തിരികെ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇൗ മാസം 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങളിലായി ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. വസ്ത്രം ലഭിക്കാതെ വന്നതോടെ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ നഴ്സ് സൈബർ സെല്ലിന്റെ ഹെൽപ്പ് ലൈനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.