ഏറ്റുമാനൂരിൽ ഹണിട്രാപ്പ് കേസിൽ യുവതി പിടിയിൽ
Jun 5, 2025, 18:02 IST
ഏറ്റുമാനൂർ: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 60 ലക്ഷം രൂപയും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ സ്വദേശിനി ധന്യ അർജുൻ (37) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 3-ന് ഗാന്ധിനഗർ പോലീസ് ആണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. അലൻ തോമസ്, ധന്യയുടെ ഭർത്താവ് അർജുൻ ഗോപി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി ധന്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ധന്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി പ്രതിയെ ജാമ്യത്തിൽ വിട്ടു. 2022 മാർച്ച് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.