ബെംഗളുരുവിൽ  80 കോടി രൂപയുടെ ക്രമക്കേട്: ജീവനക്കാരൻ പിടിയിൽ

സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന്റെ ബെംഗളുരു ശാഖയിൽ വൻ സാമ്പത്തിക തട്ടിപ്പ്. അതിസമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ 2.7 കോടി രൂപ നഷ്ടമായെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.
 

ബെംഗളുരു : സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന്റെ ബെംഗളുരു ശാഖയിൽ വൻ സാമ്പത്തിക തട്ടിപ്പ്. അതിസമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ 2.7 കോടി രൂപ നഷ്ടമായെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.

ബെംഗളുരു എംജി റോഡ് ശാഖ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകർക്ക് 80 കോടി രൂപയോളം നഷ്ടമായതായി പറയുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് ബെംഗളുരു ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ നക്കാ കിഷോർ കുമാറിനെ ജോലിയിൽനിന്ന് ബാങ്ക് പിരിച്ചുവിട്ടു. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

15 വർഷം മുമ്പ് സിറ്റി ബാങ്കിന്റെ ഗുരുഗ്രാം വെൽത്ത് മാനേജുമെന്റ് വിഭാഗത്തിൽ നടന്ന തട്ടിപ്പിന് സമാനമായ രീതിയിലാണ് ഇവിടെയും ക്രമക്കേട് നടന്നിട്ടുള്ളതെന്ന് സൂചനയുണ്ട്. സ്ഥിര നിക്ഷേപത്തിനായി നൽകിയ തുക മൂന്നാമതൊരു കക്ഷിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഉപഭോക്താക്കളുടെ ഒപ്പുകൾ വ്യാജമായി ഇട്ടു. തട്ടിപ്പ് മറച്ചുവെക്കാൻ വ്യാജ സ്ഥിര നിക്ഷേപ ബോണ്ടുകൾ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തു. നിക്ഷേപത്തിന് പലിശ ലഭിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായി വ്യാജ പലിശ രസീതുകൾ ക്രെഡിറ്റ് ചെയ്തു. ഇത്തരത്തിൽ തട്ടിയെടുത്ത പണം കിഷോർ കുമാർ ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസിൽ മുടക്കിയെന്നാണ് പോലീസ് പറയുന്നത്.

രണ്ടര കോടി രൂപയുടെ ക്രമക്കേടായിരുന്നു ആദ്യം കണ്ടെത്തിയത്. തുടർന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്. തട്ടിപ്പിന്റെ വ്യാപതി കണ്ടെത്തുന്നതിനായി ബാങ്ക് പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെകൊടുക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. വ്യാപ്തി മനസിലായതിനെ തുടർന്ന് കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറാൻ കർണാടക സർക്കാർ ഉത്തരവിട്ടു. ബെംഗളുരു സിറ്റി പോലീസായിരുന്നു നേരത്തെ അന്വേഷിച്ചിരുന്നത്.