ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; രണ്ട് സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം
കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഐഎം പ്രവർത്തകരായ ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. സർക്കാരിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കടുത്ത എതിർപ്പ് തള്ളിക്കൊണ്ടാണ് നടപടി.
ഇതോടെ കേസിൽ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 15 ആയി ഉയർന്നു. നേരത്തെ 13 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുകയാണെന്നതും കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നതും പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മേയ് 27-നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങിയ വാഹനങ്ങൾ വളഞ്ഞ് സി.പി.എം, ഡിവൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.