കേരളത്തിലേക്ക് രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ
കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്നും പിടികൂടിയ എംഡിഎംഎ കേസാണ് പ്രതികളിലേക്ക് എത്താൻ വഴിയൊരുക്കിയത്.
23 ഗ്രാം എംഡിഎംഎ യുമായാണ് അന്ന് യുവതി പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഷംനാദിനെ ബെംഗളൂരുവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഷംനാദിന് എംഡിഎംഎ കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്. പിടികൂടിയവരിൽ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ശിവമൊഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.