ഊട്ടിയിൽ മെഡിക്കൽ വിദ്യാർഥിനിയെ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ഡോക്ടർ അറസ്റ്റിൽ
നീലഗിരി: ഊട്ടിയിൽ മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് മെഡിക്കൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പിടിയിലായത്. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെ ആണ് ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്ത്. തനിക്ക് സർവകലാശാലാ അധികൃതരുമായി അടുപ്പമുണ്ടെന്നും, സ്വാധീനം ഉപയോഗിച്ച് മാർക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിദ്യാർഥിനിയെ സമീപിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നല്ല മാർക്ക് നൽകാമെന്നും, പരീക്ഷയിൽ വിജയിപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് ഡോക്ടർ മെഡിക്കൽ വിദ്യാർത്ഥിനിയെ സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ അനുവാദമില്ലാതെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനിയും അധ്യാപകനും തമ്മിൽ തർക്കമുണ്ടായി. ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കവും പെൺകുട്ടിയുടെ കരച്ചിലും ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.