ഡൽഹി പൊലീസ് സ്റ്റേഷനിൽ കത്തിയാക്രമണം; അഞ്ച് പൊലീസുകാർക്ക് പരിക്ക്

 

 ഡൽഹിയിലെ ജാമാ മസ്ജിദ് പൊലീസ് സ്റ്റേഷനിൽ യുവാവ് നടത്തിയ കത്തിയാക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്റ്റേഷനുള്ളിലെ പരിഭ്രാന്തിയുടെ ദൃശ്യങ്ങൾ ചർച്ചയായി.

30കാരനായ മുഹമ്മദ് നബീലാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് കത്തിയുമായി ആക്രമണം നടത്തിയതെന്നാണ് വിവരം.

ആക്രമണത്തിനിടെ പൊലീസുകാർ മാറിനിൽക്കുന്നതും പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങളും ആക്രമണത്തിന്റെ കാരണവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.