ഡൽഹിയിൽ കാറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം
ഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ വെച്ച് പരിചയക്കാരനായ യുവാവ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടു. യുവതിയുടെ പരാതിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോമോസ് കഴിക്കാമെന്ന് പറഞ്ഞാണ് പ്രതിയായ യുവാവ് യുവതിയെ കാറിൽ കൂട്ടിക്കൊണ്ടുപോയത്. എന്നാൽ യാത്രയ്ക്കിടെ കാറിൽ സിഎൻജി നിറയ്ക്കാനെന്ന വ്യാജേന ഇയാൾ വണ്ടി വിജനമായ മറ്റൊരു മേഖലയിലേക്ക് തിരിച്ചുവിട്ടു.
ഇവിടെ വെച്ചായിരുന്നു അതിക്രമം. തനിക്കെതിരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി ധീരമായി തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ശാരീരികമായി ഉപദ്രവിക്കാനും അശ്ലീലം പറയാനും തുടങ്ങിയ യുവാവിനോട് പലതവണ പിന്മാറാൻ യുവതി അപേക്ഷിക്കുന്നുണ്ട്. തന്റെ ദേഹത്ത് തൊട്ടാൽ ഓടുന്ന വാഹനത്തിൽ നിന്ന് ചാടി മരിക്കുമെന്ന് യുവതി തന്റേടത്തോടെ വ്യക്തമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തനിക്ക് രണ്ട് മിനിറ്റ് മാത്രം മതിയെന്നും, ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ യുവതിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ അപവാദം പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ തന്റെ ശരീരത്തിൽ തൊടാൻ അനുവദിക്കില്ലെന്ന് യുവതി ഉറപ്പിച്ചു പറയുന്നതും വീഡിയോയിലുണ്ട്. യുവതി നൽകിയ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.