ഡൽഹിയിൽ പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി: പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫുകാരൻ അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ ഷാഹ്ദരോൺ പ്രദേശത്ത് വച്ച് സാഹിൽ അൻസാരിയെ വെടിവച്ചു കൊന്ന മദൻ ഗോപാൽ തിവാരിയാണ് അറസ്റ്റിലായത്. പിതാവ് തളർന്നു കിടക്കുന്നതിനാൽ പ്രദേശത്തെ ഒരു ഗ്രോസറി കടയിൽ സാഹിൽ ജോലിക്ക് പോയിരുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞുവരുമ്പോൾ ഒരു വിവാഹഘോഷ യാത്ര കടന്നുപോവുന്നത് കണ്ടു. കൂട്ടുകാരെ കണ്ടതോടെ സാഹിലും വിവാഹഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര ഓഡിറ്റോറിയത്തിന് സമീപം എത്തിയപ്പോൾ ചിലർ കറൻസികൾ വായുവിലേക്ക് എറിയാൻ തുടങ്ങി. ഇത് കണ്ട കുട്ടികൾ കറൻസികൾ ശേഖരിക്കാൻ തുടങ്ങി. അപ്പോൾ ഒരാൾ വന്നു കുട്ടികളെ തടഞ്ഞു. മദൻ ഗോപാൽ തിവാരി സാഹിലിനെ കോളറിൽ പിടിച്ചു പൊക്കി. ബാക്കി കുട്ടികൾ ഓടിപ്പോയി. മദൻ ഗോപാൽ തിവാരി സാഹിലിനെ ഏതാനും തവണ അടിച്ചു. ഇത് സാഹിൽ ചോദ്യം ചെയ്തതോടെ തോക്ക് എടുത്തു വെടിവയ്ക്കുകയായിരുന്നു. തലയ്ക്കാണ് വെടിവച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത പ്രശ്‌നമാണ് മദൻ ഗോപാൽ തിവാരിക്കുള്ളതെന്ന് പോലിസ് പറയുന്നു. വാപ്പ വയ്യാതെ കിടക്കുന്നതിനാലാണ് സാഹിലിനെ ജോലിക്ക് വിടേണ്ടി വന്നതെന്ന് മാതാവ് നിഷ പറഞ്ഞു. ദിവസം പതിനൊന്ന് മണിക്കൂറാണ് സാഹിൽ ജോലി ചെയ്തിരുന്നതെന്നും 6000 രൂപയാണ് മാസം ലഭിച്ചിരുന്നതെന്നും അവർ പറഞ്ഞു.