ലഖ്‌നോവിൽ ദലിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബ്രാഹ്മണ കുടുംബം 

 

 ലഖ്‌നോ: ഉത്തർപ്രദേശിലെ ലഖ്‌നോവിലെ ദുബഗ്ഗ പ്രദേശത്ത് ദലിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബ്രാഹ്മണ കുടുംബം. ഉയർന്ന ജാതിക്കാരായ കുടുംബത്തിന് ഹോളി ആശംസകൾ അറിയിച്ചതിൽ പ്രകോപിതരായാണ് കൊലപാതകം എന്നാണ് റിപ്പോർട്ട്. മാർച്ച് നാലിനാണ് സംഭവം. 22 കാരനായ സൂരജ് ഗൗതം ആശംസകൾ പറഞ്ഞത് അയൽക്കാരനായ മനോർ തിവാരിക്ക് ഇഷ്ടപ്പെടാതിരുന്നതാണ് പ്രശ്നത്തിന് തുടക്കം. താഴ്ന്ന ജാതിക്കാരനായ ഒരാൾ തനിക്ക് ആശംസകൾ നേർന്നതിൽ തിവാരിക്ക് ദേഷ്യം വന്നതിനെത്തുടർന്ന് തർക്കം ഉണ്ടായി.

മനോർ തിവാരിയുടെ സഹോദരി ശിവാനിക്കും അമ്മ രഞ്ജനക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശിവാനി ഷാളിൽ പൊതിഞ്ഞ കത്തി പുറത്തെടുത്ത് ഗൗതമിനെ കുത്തിയതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഗൗതത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കൊലപാതകത്തിലേക്ക് നയിക്കുമോ? ഏത് പുസ്തകത്തിലാണ് ഇത് എഴുതിയിരിക്കുന്നത്? എന്നാണ് ഗൗതമിൻറെ കുടുംബം ചോദിച്ചത്. ദലിതരായതിനാലാണ് കൊലപാതകം നടന്നതെന്നും കുടുംബം ആരോപിച്ചു. ഒന്നിലേറെ തവണ മകന് കുത്തേറ്റതായി ഗൗതമിൻറെ അമ്മ പറഞ്ഞ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മോഹിത്, ശിവാനി, രഞ്ജന എന്നിവരെ അറസ്റ്റ് ചെയ്തു. ഏകദേശം 10-12 പൊലീസുകാർ എത്തി തിവാരിയുടെ വീട്ടിൽ ഒരു മണിക്കൂറിലധികം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മുമ്പ് കുടുംബങ്ങൾക്കിടയിലുണ്ടായിരുന്ന നിരവധി ചെറിയ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.