ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചു,പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണി ; കോച്ചിന് 35 വർഷം കഠിന തടവ്
ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോച്ചിന് 35 വർഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം മനുവിനെതിരെ ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെ വിധി.
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോച്ചിന് 35 വർഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം മനുവിനെതിരെ ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെ വിധി. പിഴ അടച്ചില്ലെങ്കിൽ ആറുവർഷവും ഒൻപത് മാസവും അധികമായി ശിക്ഷ അനുഭവിക്കണം. പ്രതിയുടെ പേരിലുളള ആറ് കേസുകളിൽ രണ്ടാമത്തേതിലാണ് ജഡ്ജി അഞ്ജു മീര ബിർളയുടെ വിധി.
മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ കേസിലെ ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം, പ്രതിയുടെ ഓരോ കേസുകളിലെയും ശിക്ഷാ കാലാവധി കഴിയുന്നത് അനുസരിച്ച് അടുത്ത കേസിലെ ശിക്ഷ നടപ്പിലാക്കണം എന്ന് പ്രോസിക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ 2018 ലാണ് കുട്ടി പരിശീലനത്തിനായി എത്തിയത്. ഇതിനിടെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രതി എടുത്തു. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ പെൺകുട്ടിക്ക് ശരിയായ പരിശീലനം നൽകാതെയായി. 2019 ൽ കുട്ടി പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്നു.
പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് കുട്ടി പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞില്ല. ഈ കുട്ടിക്ക് പുറമെ പരിശീലനത്തിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചു. ഭയം കാരണം കുട്ടികൾ വേറെ സ്ഥലത്തേക്ക് പരിശീലനത്തിനു പോയി. ഇവരും സംഭവം പുറത്ത് പറഞ്ഞില്ല. 2024ൽ, തിരുവനന്തപുരത്തുവച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്കുശേഷം പ്രതിയെ കണ്ടു. കുട്ടി ഭയന്നു ബഹളം വച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
ഈ കുട്ടി പരാതി നൽകിയതോടെയാണ് മറ്റു കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി ഒരു കേസിൽ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ മൂന്നാമത്തെ കേസിൽ ശനിയാഴ്ച വിധി പറയും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ സുരഭി, എച്ച് രവികൃഷ്ണൻ തമ്പി എന്നിവർ ഹാജരായി. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്‌പെക്ടർമാരായ എസ് ഷെഫിൻ, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.