‘ബൈ ബൈ പിണറായി’ എന്ന ഫ്ലെക്‌സ് ബോർഡിനെ ചൊല്ലി തർക്കം ; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
കൊച്ചി: ‘ബൈ ബൈ പിണറായി’ എന്ന ഫ്ലെക്‌സ് ബോർഡിനെ ചൊല്ലിയുണ്ടായ തർക്കവും എൽഡിഎഫ്-യുഡിഎഫ് സംഘർഷവും കേസിൽ കലാശിച്ചു. സംഭവത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
Apr 14, 2026, 18:35 IST
കൊച്ചി: ‘ബൈ ബൈ പിണറായി’ എന്ന ഫ്ലെക്‌സ് ബോർഡിനെ ചൊല്ലിയുണ്ടായ തർക്കവും എൽഡിഎഫ്-യുഡിഎഫ് സംഘർഷവും കേസിൽ കലാശിച്ചു. സംഭവത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ ചെങ്ങമനാട് പൊലീസാണ് നടപടിയെടുത്തത്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുഡിഎഫ് സ്ഥാപിച്ച ‘ബൈ ബൈ പിണറായി’ എന്ന ബോർഡിനെ ചൊല്ലി ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു. സംഘർഷത്തെത്തുടർന്ന് ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.