ഇടപാടുകാര്‍ക്ക് പണം തിരിച്ചു നല്‍കാതെ കുറിക്കമ്പനി ഉടമകള്‍ മുങ്ങിയതായി പരാതി

: ഇടപാടുകാര്‍ക്ക് പണം തിരിച്ചു നല്‍കാതെ കുറിക്കമ്പനി ഉടമകള്‍ കോടികളുമായി മുങ്ങിയതായി പരാതി.

 

തൃശൂര്‍: ഇടപാടുകാര്‍ക്ക് പണം തിരിച്ചു നല്‍കാതെ കുറിക്കമ്പനി ഉടമകള്‍ കോടികളുമായി മുങ്ങിയതായി പരാതി. മലപ്പുറത്ത് ഹെഡാഫീസുള്ള വാടാനപ്പള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. 

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 14 ബ്രാഞ്ചുകളുള്ള കുറി ഇടപാട് സ്ഥാപനമാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ടവര്‍ ഇതു സംബന്ധിച്ച് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലടക്കം വിവിധ സ്റ്റേഷനുകളിലും ജില്ലാ ജനറല്‍ രജിസ്ട്രാര്‍ ഓഫീസിലും പരാതി നല്‍കി. 

മലപ്പുറം വേങ്ങരയില്‍ ഹെഡാഫീസായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വാടാനപ്പള്ളി ചിലങ്ക സെന്റര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, മുക്കം, തിരൂര്‍, പട്ടാമ്പി, വളാഞ്ചേരി എന്നിവിടങ്ങളിലും ശാഖകളുണ്ട്. കുറി വിളിച്ച നിരവധി പേര്‍ക്ക് എട്ട് മാസത്തിലധികമായിട്ടും പണം തിരിച്ചു കൊടുത്തിട്ടില്ല. 

ഒരു കുറിയില്‍ തന്നെ രണ്ടും മൂന്നും അഞ്ചും വരെ നറുക്ക് ചേര്‍ന്നവരുണ്ട്. കുറി വിളിച്ചവര്‍ക്കും വട്ടവെത്തിയവര്‍ക്കും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കിട്ടാനുണ്ട്. 35 പ്രവൃത്തി ദിനം കഴിഞ്ഞാല്‍ കുറി വിളിച്ചവര്‍ക്ക് പണം നല്‍കുമെന്നാണ് നിബന്ധന. ചെക്ക് അടുത്ത ആഴ്ച വരുമെന്ന് പറഞ്ഞ് മാസങ്ങളോളമായി വരിക്കാരെ വഞ്ചിക്കുകയായിരുന്നു. ബഹളം വയ്ക്കുന്നവര്‍ക്ക് ചെക്ക് നല്‍കിയാല്‍ ബാങ്കില്‍ പണം ഇല്ലാതെ ചെക്ക് മടങ്ങുകയാണ്. ഇതോടെ ചെക്ക് നല്‍കി കബളിപ്പിക്കുന്നത് കമ്പനി നിര്‍ത്തി. രണ്ടാഴ്ച മുമ്പ് പണം കിട്ടാത്ത ഗുരുവായൂര്‍ സ്വദേശി ഓഫീസില്‍ വന്ന് ആത്മഹത്യാ ഭീഷണി  മുഴക്കിയിരുന്നു. ചെക്ക് മടങ്ങിയതോടെ പിന്നീട് ഇടപാടുകാര്‍ക്ക് നോട്ടീസ് നല്‍കുകയാണ്. ഓരോ വ്യക്തികള്‍ക്കും തിയതി വച്ച് ആ ദിവസം രാത്രി എട്ടിന് മുമ്പായി തുകയും എട്ട് ശതമാനം പലിശയും നല്‍കുവെന്ന് ഉറപ്പു നല്‍കുന്ന കമ്പനിയുടെ പേരില്‍ മാനേജര്‍ ഒപ്പുവച്ച നോട്ടീസാണ് നല്‍കിയിട്ടുള്ളത്. എല്ലാവര്‍ക്കും അടുത്ത മാസത്തെ തീയതി വച്ചാണ് നോട്ടിസ് നല്‍കിയത്. പണം നഷ്ടപ്പെടില്ലെന്ന പ്രതീക്ഷയില്‍  കാത്തിരിക്കേയാണ് കഴിഞ്ഞ ദിവസം കുറി ഇടപാട് സ്ഥാപനം അടച്ചത്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. കളക്ഷന്‍ ഏജന്റുമാരെ വിളിച്ചപ്പോഴാണ് സ്ഥാപനം അടച്ച വിവരം ഇടപാടുകാര്‍ അറിഞ്ഞത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടവര്‍ പോലീസിലും തൃശൂര്‍ ചെമ്പൂക്കാവിലെ രജിസ്ട്രാര്‍ ഓഫീസിലും പരാതി നല്‍കിയത്. ശമ്പളം കിട്ടാതെ ജീവനക്കാരും പരാതി നല്‍കി.