സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

 

ലഖ്നൗ: സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാറിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് പിടിച്ചുകയറ്റുകയും കൃഷ്ണ നഗർ മേഖലയിലെ ഒരു ഹോട്ടൽ മുറിയിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു. ഡാനിഷ്, അമീൻ എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് കയറ്റുകയായിരുന്നു. ഹോട്ടൽ മുറിയിൽ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം പ്രതികൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി. സംഭവം പുറത്ത് പറഞ്ഞാൽ ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

സംഭവത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി വീടിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടർന്ന് ഈ വിവരം പെൺകുട്ടി പിതാവിനെ അറിയിക്കുകയും സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പീഡനം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ലഖ്നൗ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ കേശവ് കുമാർ അറിയിച്ചു.