കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിൽ റെയ്ഡ് ;പൂർവ്വ വിദ്യാർത്ഥികളാണ് കഞ്ചാവ് നൽകിയതെന്ന് കരുതുന്നു, : തൃക്കാക്കര എസിപി

നിയമം പാലിച്ച് അധികാരികളുടെ അനുമതിയോടുകൂടിയായിരുന്നു റെയ്ഡ്

 
kalamassery poly kanjav

ക്യാംപസിനകത്തും പുറത്തും ഉള്ളവർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരം

കൊച്ചി  : കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് തൃക്കാക്കര എസിപി പി വി ബേബി. മുന്നൊരുക്കം നടത്തിയുള്ള റെയ്ഡായിരുന്നു. രണ്ട് വിദ്യാർത്ഥികളുടെ മേശയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

നിയമം പാലിച്ച് അധികാരികളുടെ അനുമതിയോടുകൂടിയായിരുന്നു റെയ്ഡ്. വിദ്യാർത്ഥികൾക്കിടയിൽ ഉപയോഗിക്കാനും വിപണനം ചെയ്യാനുമാണ് ഇത് കൊണ്ടു വന്നത്. എല്ലാക്കാര്യങ്ങളും വ്യക്തമായി പരിശോധിക്കണം. ഹോളി ആഘോഷം നടക്കുന്നതിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 

പുറത്തുനിന്നുള്ളവരുടെ പങ്കുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികളുടെ പങ്കുണ്ടെന്ന് കരുതുന്നു. ക്യാംപസിനകത്തും പുറത്തും ഉള്ളവർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരം. പൂർവ വിദ്യാർഥികളുടെ പങ്കിൽ കൂടുതൽ അന്വേഷണം വേണം. 

എത്തിച്ചവരുമായി ബന്ധപ്പെട്ട സൂചന ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും വ്യക്തമായ പങ്കുണ്ട്. അതല്ലാതെ കോളേജിലേക്ക് പുറമെ നിന്നൊരാൾക്ക് പ്രവേശിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ രാഷ്ട്രീയത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ലെന്നും പരിശോധിക്കപ്പെടേണ്ട കാര്യമാണെന്നും പി വി ബേബി വ്യക്തമാക്കി.