സഹപാഠിയുടെ ഭീഷണി; 14-കാരി വീട്ടിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണം കവർന്നു
ലഖ്നൗവ് : സൈരാപൂരിൽ സ്വന്തം വീട്ടിൽ നിന്ന് 14-കാരി കവർന്നത് 25ലക്ഷത്തോളം വില വരുന്ന ആഭരണങ്ങൾ. സഹപാഠിയുടെ ഭിഷണിയിലാണ് പെൺകുട്ടി കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരനായ സഹപാഠി അടുത്ത് കൂടി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൽ കൈക്കലാക്കുകയും ചെയ്തിരുന്നു. ഈ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെക്കൊണ്ട് മോഷണം ചെയ്യിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വർണപ്പണിക്കാരനും പാത്ര വ്യാപാരിയുമായ പെൺകുട്ടിയുടെ പിതാവ് വിവാഹം നടത്താൻ വച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. പെൺകുട്ടിയുടെ പിതാവ് സ്വർണം സൂക്ഷിച്ചിരുന്ന അലമാര തുറന്ന് നോക്കിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത് മനസ്സിലായത്. തിരച്ചിൽ നടത്തിയിട്ടും സ്വർണം കണ്ടെത്താനാകാത്തതിനെത്തുടർന്ന് വീട്ടിലുളളവരെ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി തെറ്റ് ഏറ്റുപറഞ്ഞത്.
എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നിസംഗതയാണ് ഉണ്ടായത് എന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞത്. കേസിൽ വിട്ടുവീഴ്ച്ച ചെയ്യാനായിരുന്നു പൊലീസ് ആദ്യം പറഞ്ഞത് എന്നും ആരോപണം ഉണ്ട്. എന്നാൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ പിതാവിനും കേസിൽ പങ്ക് ഉണ്ടെന്ന് പൊലീസ് ഇൻസ്പെക്ടർ മനോജ് കോറി പറഞ്ഞു. അയാൾ ഗൂഢാലോചനയിലും ആഭരണങ്ങൾ വിൽക്കാനും സഹായിച്ചുവെന്നും പൊലീസ് പറഞ്ഞു.