വിവാഹം കഴിഞ്ഞ് അധികംവൈകാതെ മകന് കുട്ടിയുണ്ടായത് ഇഷ്ടപ്പെട്ടില്ല; കർണാടയിൽ കുഞ്ഞിനെ മുത്തശ്ശി  ശ്വാസംമുട്ടിച്ചു കൊന്നു

 

ബെംഗളൂരു: കർണാടകത്തിലെ ഗദഗിൽ ഒമ്പതുമാസം പ്രായമായ ആൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടി. ഗദഗ് ഗജേന്ദ്രഗാഡ് പുർത്തഗേരി സ്വദേശി കലാകേശ്-നാഗരത്ന ദമ്പതിമാരുടെ മകൻ അദ്വിക് ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് അധികംവൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാൽ സരോജ കൊലനടത്തുകയായിരുന്നെന്ന് നാഗരത്ന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പോലീസ് അറസ്റ്റുചെയ്തു.

2021-ലാണ് കലാകേശും നാഗരത്നയും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്ക് ആൺകുഞ്ഞ് ജനിച്ചു. പ്രസവത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടിൽനിന്ന് നാഗരത്ന കുഞ്ഞിനൊപ്പം ഭർത്താവിന്റെ വീട്ടിലെത്തിയത്. കുഞ്ഞ് ജനിച്ചതിൽ സരോജ നാഗരത്നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്ന തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. സരോജയെ സംശയംതോന്നിയ നാഗരത്ന പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനുസമീപത്തെ മാവിൻചുവട്ടിൽ കുഴിച്ചുമൂടിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. അടയ്ക്കയും ഇലകളും കുഞ്ഞിന്റെ വായിൽ തിരുകി കൊലപ്പെടുത്താൻ സരോജ നേരത്തേ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.