ചെന്നൈയിൽ ടിവികെ പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു

 

 ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണനാണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ വിട്ട് ടിവികെയിൽ സജീവമായ കണ്ണൻ, 2009-ൽ നടന്ന ശിവ കൊലക്കേസിലെ പ്രതിയാണ്. ഇതിന്റെ പ്രതികാരമായി ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സെപ്റ്റംബർ 5-ന് രാത്രിയോടെയാണ് അഡയാറിൽ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കണ്ണനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി വിജയ് സെപ്റ്റംബർ 7-ന് നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സ്വന്തം ജീവൻ സംരക്ഷിക്കാൻ ടിവികെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാതായെന്നും സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.