സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകൾ കേന്ദ്രീകരിച്ച് മോഷണം : യുവാവ് പിടിയിൽ

സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയിൽ.കഴിഞ്ഞ ആഴ്ച ഇയാൾ മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ചിരുന്നു

 

കോഴിക്കോട്: സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയിൽ.കഴിഞ്ഞ ആഴ്ച ഇയാൾ മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ചിരുന്നു. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി പ്രവീൺ ഒടയോള(35)യെയാണ് മാവൂർ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.  

ചുവരിൽ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ ഉള്ളിൽ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. സെൻട്രിംഗ് ജോലിക്കാരനായ പ്രവീൺ മോഷണം നടത്തുന്നതിനായി എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഹോം നഴ്‌സായി വീടുകളിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പള്ളിക്കൽ ബസാറിൽ ആശാരിയായും ജോലി ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്നാണ് മോഷണം നടത്താനുള്ള കടകൾ പ്രവീൺ നോക്കിവച്ചിരുന്നത്.

പെൻസിൽ ടോർച്ചിന്റെ വെളിച്ചത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് മേശ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരുന്നത്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് ചാലക്കുടിയിൽ ഇരുപതോളം കടകളിൽ സമാനമായ രീതിയിൽ ഇയാൾ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. മാവൂർ എസ്‌ഐ സലിം മുട്ടത്ത്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രവീണിനെ പിടികൂടിയത്.